2021-ൽ രാജ്യത്ത് നിന്ന് 18221 പ്രവാസികളെ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2021 ജനുവരി 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിനുള്ളിലാണ് കുവൈറ്റിലെ ഡീപോർട്ടെഷൻ കേന്ദ്രം ഇത്രയും പ്രവാസികൾക്കെതിരെ നാട് കടത്തൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ഇതിൽ 11177 പേർ പുരുഷന്മാരും, 7044 പേർ സ്ത്രീകളുമാണ്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ശരാശരി പ്രതിദിനം അമ്പത് പ്രവാസികളെ വീതം കുവൈറ്റ് നാട് കടത്തിയിട്ടുണ്ട്.
നാട് കടത്തിൽ നടപടി നേരിട്ടതിൽ ഭൂരിഭാഗം പേരും റെസിഡൻസി കാലാവധി അവസാനിച്ചവരാണ്. ശിക്ഷാര്‍ഹമായ പെരുമാറ്റങ്ങൾ, കുറ്റകൃത്യങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ, ആത്മഹത്യയ്ക്ക് ശ്രമിച്ചവർ, COVID-19 മഹാമാരി മൂലം ഏർപ്പെടുത്തിയ കർഫ്യൂ നിയന്ത്രണങ്ങൾ മറികടന്നവർ തുടങ്ങിയവരും നാട് കടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു.
അതേസമയം 2021-ൽ ഏതാണ്ട് രണ്ടര ലക്ഷത്തോളം പ്രവാസികൾ സ്വയമേവ തങ്ങളുടെ നാടുകളിലേക്ക് മടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.