രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ച പതിനായിരത്തിലധികം പ്രവാസികളെ കഴിഞ്ഞ ആറ് മാസത്തിനിടയിൽ കുവൈറ്റിൽ നിന്ന് നാട് കടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെക്യൂരിറ്റി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2022 ജനുവരി 1 മുതൽ ജൂൺ 20 വരെയുള്ള കാലയളവിലാണ് രാജ്യത്ത് അനധികൃതരായി തുടർന്നിരുന്ന 10800 പ്രവാസികളെ നാട് കടത്തിയിരിക്കുന്നത്. ജലീബ് അൽ ശുയൂഖ്, മഹ്ബൗല, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, ബിനേയ്ദ് അൽ ഗാർ, വഫ്ര ഫാംസ്, അബ്ദാലി ഏരിയ തുടങ്ങിയ ഇടങ്ങളിൽ ചെറുജോലികളിൽ ഏർപ്പെട്ടിരുന്ന പ്രവാസികളാണ് ഇതിൽ ഭൂരിപക്ഷം പേരുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് റെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് തുടരുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്.