കുവൈറ്റ്: ഇന്ത്യയിലേക്ക് പ്രവാസികളുമായി മടങ്ങുന്ന പ്രത്യേക വിമാനങ്ങൾക്ക് അനുമതി

GCC News

പ്രവാസികളുമായി മടങ്ങുന്ന വിമാനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയ്ക്ക് കുവൈറ്റ് അംഗീകാരം നൽകിയതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 10 മുതൽ ഒക്ടോബർ 24 വരെയുള്ള കാലയളവിൽ പ്രവാസികളുമായി ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രത്യേക വിമാനങ്ങൾക്ക് മാത്രമായി അനുവാദം നൽകാൻ DGCA തീരുമാനിച്ചതായാണ് ലഭിക്കുന്ന വിവരം. ദിനവും 1000 പ്രവാസികൾക്ക് വീതം മടങ്ങാവുന്ന രീതിയിലാണ് വിമാനങ്ങൾക്ക് അനുമതി നൽകുന്നത്. ഇന്ത്യൻ വിമാന കമ്പനികളും, കുവൈറ്റി വിമാന കമ്പനികളും തുല്യമായിട്ടായിരിക്കും ഈ സർവീസുകൾ നടത്തുക.

ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഓഗസ്റ്റ് 1-നു അറിയിച്ചിരുന്നു. കുവൈറ്റിലെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ നിർദ്ദേശത്തെ തുടർന്നാണ് രോഗവ്യാപന സാധ്യത കൂടുതൽ നിലനിൽക്കുന്ന ഈ രാജ്യങ്ങളിലേക്കുള്ള വ്യോമയാന സേവനങ്ങൾ താത്കാലികമായി നിർത്തലാക്കിയത്.

കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രികർക്ക് മാത്രമാണ് അനുമതിയെന്നും, തിരികെ കുവൈറ്റിലേക്ക് നേരിട്ട് ഇന്ത്യയിൽ നിന്ന് യാത്രാനുമതി നൽകിയിട്ടില്ലായെന്നുമാണ് അറിയാൻ കഴിയുന്നത്. ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് നേരിട്ട് കുവൈറ്റിലേക്ക് യാത്രചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ തുടരും. ഈ 31 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്, കുവൈറ്റ് യാത്രാ വിലക്കുകൾ ഏർപെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും രാജ്യത്തേക്ക് ആദ്യം യാത്രചെയ്ത ശേഷം, ആ രാജ്യങ്ങളിൽ 14 ദിവസം പൂർത്തിയായ ശേഷം COVID-19 PCR പരിശോധനകൾ നടത്തി കുവൈറ്റിലേക്ക് യാത്ര ചെയ്യാവുന്നതാണെന്ന് DGCA ഓഗസ്റ്റ് 3-നു അറിയിച്ചിരുന്നു.