യുദ്ധവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ഓൺലൈനിൽ പങ്കിടുന്നതിനെതിരെ പ്രവാസികൾക്ക് കുവൈറ്റ് അധികൃതർ മുന്നറിയിപ്പ് നൽകി. 2026 മാർച്ച് 7-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർക്രൈം വകുപ്പ് ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.
تحذير .. حفظ الله الكويت و شعبها من كل مكروه pic.twitter.com/iksLQBQ2Lh
— الجرائم الإلكترونية (@ECCCD) March 6, 2026
യുദ്ധങ്ങൾ, സൈനിക പ്രവർത്തനങ്ങൾ, മിസൈലുകൾ തുടങ്ങിയവയെക്കുറിച്ചും, വിഭാഗീയതയോ, രാജ്യദ്രോഹമോ ഉത്തേജിപ്പിക്കുന്ന വിഷയങ്ങളെക്കുറിച്ചുമുളള ഉള്ളടക്കങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്നും, പ്രചരിപ്പിക്കരുതെന്നും കുവൈറ്റിലെ പ്രവാസികളോടും, പൗരന്മാരോടും സൈബർ ക്രൈം ഡിവിഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത്തരം ഉള്ളടക്കങ്ങൾ പങ്കിടുന്നത് കുവൈറ്റിലെ നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമാണെന്നും ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് നിയമപരമായ ഉത്തരവാദിത്തം നേരിടേണ്ടി വരുമെന്നും സൈബർ ക്രൈം ഡിവിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈകാരികമായ പ്രാദേശിക സംഭവവികാസങ്ങളിൽ ഉൾപ്പടെ ഇടപഴകുന്ന അവസരത്തിൽ പ്രവാസികൾ പൂർണ്ണ നിഷ്പക്ഷത പാലിക്കണമെന്നും, പ്രകോപനപരമായ ഓൺലൈൻ ഉള്ളടക്കങ്ങളോട് പ്രതികരിക്കുന്നത് ഒഴിവാക്കണമെന്നും സൈബർ ക്രൈം ഡിവിഷൻ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ദേശീയ സുരക്ഷ, ദേശീയ ഐക്യം, രാജ്യത്തിന്റെ സാമൂഹിക ഘടന എന്നിവയുടെ സംരക്ഷണം മുൻനിർത്തിയാണ് ഈ നടപടികളെന്ന് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ പൊതുജനങ്ങളോട് സൈബർ ക്രൈം ഡിവിഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

