കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ആറ് വയസ്സിനു താഴെ പ്രായമുള്ള യാത്രികർക്ക് COVID-19 PCR ടെസ്റ്റിംഗ് ഒഴിവാക്കിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി. കുവൈറ്റ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളെ തുടർന്നാണ് ഈ തീരുമാനം.
അതേസമയം, ഇന്ത്യ ഉൾപ്പടെ 32 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങൾ ഒന്നും DGCA അറിയിച്ചിട്ടില്ല.
കൊറോണ വൈറസ് വ്യാപന സാധ്യത മുൻനിർത്തി, ഓഗസ്റ്റ് 1 മുതലാണ് ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ DGCA തീരുമാനിച്ചത്. ഓഗസ്റ്റ് 23 മുതൽ അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള വിമാനങ്ങൾക്കും കുവൈറ്റ് വിലക്കേർപ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്, കുവൈറ്റ് യാത്രാ വിലക്കുകൾ ഏർപെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും രാജ്യത്തേക്ക് ആദ്യം യാത്രചെയ്ത ശേഷം, ആ രാജ്യങ്ങളിൽ 14 ദിവസം പൂർത്തിയായ ശേഷം COVID-19 PCR പരിശോധനകൾ നടത്തി കുവൈറ്റിലേക്ക് യാത്ര ചെയ്യാവുന്നതാണെന്ന് DGCA ഓഗസ്റ്റ് 3-നു അറിയിച്ചിരുന്നു.