തൊഴിൽ മേഖലകളിൽ പ്രവാസികളുടെ ആനുപാതികമായ പങ്ക് വെട്ടികുറക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കരട് ബില്ലിന് തുടർനടപടികളുമായി മുന്നോട്ട് പോകുന്നതിനുള്ള അംഗീകാരം ലഭിച്ചു. ഈ ബില്ലിന് ഭരണഘടനാപരമായ സാധുത ഉണ്ടെന്ന് കുവൈറ്റ് നാഷണൽ അസംബ്‌ളിയുടെ നിയമ വിഭാഗം രേഖപെടുത്തി.
ഇതോടെ, ഏതാനം ദിവസങ്ങൾക്കുള്ളിൽ ആഭ്യന്തര മന്ത്രാലയം ഈ പ്രമേയം നാഷണൽ അസംബ്‌ളിയിൽ അവതരിപ്പിക്കുമെന്നാണ് സൂചനകൾ. ഇത് നടപ്പിലാക്കുന്നതിനുള്ള രൂപരേഖകൾ തയ്യാറാക്കാൻ പ്രത്യേക കമ്മിറ്റിയിലേക്ക് നിലവിൽ ഈ പ്രമേയം കൈമാറിയിട്ടുണ്ട്.
കുവൈറ്റിലെ നിലവിലുള്ള റെസിഡൻസി നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരാൻ നിർദ്ദേശിക്കുന്ന ഈ പ്രമേയം, ഏതാനം മാസങ്ങൾക്കുള്ളിൽ രാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് 4.3 ദശലക്ഷം ആളുകൾ ഉള്ളതിൽ കേവലം 1.3 ദശലക്ഷം മാത്രമാണ് കുവൈറ്റ് പൗരന്മാർ. ബാക്കിയുള്ള 3 ദശലക്ഷത്തോളം പേർ പ്രവാസികളാണ്. ഈ വലിയ അന്തരം കുറച്ചുകൊണ്ടു വരണമെന്ന ആവശ്യം കുവൈറ്റിൽ കുറച്ച് കാലമായി ശക്തമാണ്.
കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരുടെ അനുപാതം 15 ശതമാനത്തിലേക്ക് കുറക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ബില്ലിൽ ഉണ്ടെന്നാണ് സൂചനകൾ. കുവൈറ്റിലെ ജനസംഖ്യയുടെ ആനുപാതികമായി പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള ഈ ബിൽ അസംബ്ലിയിൽ പാസാകുന്നതോടെ, ഏതാണ്ട് 8 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളെ ബാധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഏതാനം മാസങ്ങളായി കുവൈറ്റിൽ സ്വദേശിവത്കരണ വികാരം അതിശക്തമാണ്.