കുവൈറ്റ്: റെസിഡൻസി സ്റ്റാറ്റസ് പുതുക്കുന്നതിനുള്ള കാലാവധി മാർച്ച് 2 വരെ നീട്ടി

GCC News

റെസിഡൻസി സ്റ്റാറ്റസ് പുതുക്കുന്നതിനുള്ള കാലാവധി 2021 മാർച്ച് 2 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി 27-ന് രാത്രിയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തമീർ അൽ അലിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ ഫെബ്രുവരി 1 വരെയാണ് റെസിഡൻസി സ്റ്റാറ്റസ് പുതുക്കുന്നതിനായി അനുവദിച്ചിരുന്നത്. ഈ പുതിയ തീരുമാനത്തോടെ മാർച്ച് 2 വരെ ഇതിന് അവസരം ലഭിക്കുന്നതാണ്.

റെസിഡൻസി നിയമങ്ങളിൽ വീഴ്ച്ച വരുത്തിയവർക്ക്, നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഇളവ് അനുവദിക്കുന്നതിനായി, മനുഷ്യത്വപരമായ തീരുമാനം കൈക്കൊള്ളാൻ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. കൊറോണ വൈറസ് വ്യാപനം, വിവിധ മേഖലകളിലെ നിയന്ത്രണങ്ങൾ എന്നിവയ്‌ക്കൊപ്പം പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ സേവനങ്ങൾ രണ്ടാഴ്ച്ചത്തോളം അടഞ്ഞു കിടന്നതും ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

മാർച്ച് 2 വരെയുള്ള കാലയളവിൽ റെസിഡൻസി സ്റ്റാറ്റസ് പുതുക്കുന്ന നടപടികൾ പൂർത്തിയാക്കാത്തവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരുന്നതാണ്. ഇത്തരക്കാർക്ക് കുവൈറ്റിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നതിനും, ഇവരെ കുവൈറ്റിൽ നിന്ന് നാടുകടത്തുന്നതിനും സാധ്യതയുണ്ട്.