റെസിഡൻസി കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ വിസ സ്റ്റാറ്റസ് പുതുക്കുന്നതിന് 2021 മെയ് 15 വരെ സാവകാശം അനുവദിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ തീരുമാനവുമായി ബന്ധപ്പെട്ട് കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തമീർ അൽ അലി ‘211/ 2021’ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
ഏപ്രിൽ 15-നു രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. റെസിഡൻസി വിസ കാലാവധിയുമായി ബന്ധപ്പെട്ട് വിവിധ നിയമലംഘനങ്ങൾ നേരിടുന്നവർക്ക് ഈ കാലാവധിയിൽ റെസിഡൻസി രേഖകൾ പുതുക്കുന്നതിന് അവസരം ലഭിക്കുന്നതാണ്.
നേരത്തെ, ഏപ്രിൽ 15 വരെയാണ് ഇത്തരം റെസിഡൻസി കാലാവധി പുതുക്കുന്നതിനായി സാവകാശം അനുവദിച്ചിരുന്നത്. ഇപ്പോൾ ഈ പുതിയ തീരുമാനത്തോടെ റെസിഡൻസി നിയമങ്ങളിൽ വീഴ്ച്ച വരുത്തിയവർക്ക്, നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് തങ്ങളുടെ രേഖകൾ പുതുക്കുന്നതിന് മെയ് 15 വരെ സമയം ലഭിക്കുന്നതാണ്.
മെയ് 15 വരെയുള്ള കാലയളവിൽ റെസിഡൻസി സ്റ്റാറ്റസ് പുതുക്കുന്ന നടപടികൾ പൂർത്തിയാക്കാത്തവർ നിയമ നടപടികൾ നേരിടേണ്ടി വരുന്നതാണ്. ഇത്തരക്കാർക്ക് കുവൈറ്റിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നതിനും, ഇവരെ കുവൈറ്റിൽ നിന്ന് നാടുകടത്തുന്നതിനും സാധ്യതയുണ്ട്. ഇപ്പോൾ അനുവദിച്ചിട്ടുള്ള ഈ സാവകാശം പ്രയോജനപ്പെടുത്താൻ റെസിഡൻസി കാലാവധി അവസാനിച്ച പ്രവാസികളോട് മന്ത്രാലയം ആഹ്വാനം ചെയ്തു.