രാജ്യത്തേക്ക് ബിസിനസ് വിസകളിൽ പ്രവേശിച്ചിട്ടുള്ളവർക്ക് വർക്ക് പെർമിറ്റുകൾ നേടുന്നതിന് അനുവദിച്ച അധികസമയത്തിന്റെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടാൻ കുവൈറ്റ് അധികൃതർ തീരുമാനിച്ചു. കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറാണ് (PAM) ഇക്കാര്യം അറിയിച്ചത്.
ഈ കാലാവധി മാർച്ച് 31 വരെ നീട്ടുന്നതുമായി ബന്ധപ്പെട്ട് PAM ഒരു ഔദ്യോഗിക വിജ്ഞാനാപനം പുറത്തിറക്കിയിട്ടുണ്ട്. കുവൈറ്റ് PAM ഡയറക്ടർ ജനറൽ അഹ്‌മദ് അൽ മൂസ്സയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
2021 നവംബർ 24-ന് മുൻപ് അനുവദിച്ചിട്ടുള്ള ഇത്തരം വിസകളിലുള്ളവർക്കാണ് ഈ പ്രയോജനം ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.