രാജ്യത്തെ അനധികൃത കുടിയേറ്റക്കാർക്ക് പിഴ അടച്ച് കൊണ്ട് തങ്ങളുടെ രേഖകൾ ശരിപ്പെടുത്തുന്നതിന് അവസരം നൽകുന്നതിനായി കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി നിർത്തിവെച്ചതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2020-നു മുൻപായി കുവൈറ്റിൽ അനധികൃതമായി എത്തിയിട്ടുള്ള വിദേശികൾക്ക് വേണ്ടിയാണ് ഇത്തരം ഒരു പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ഇവർക്ക് ഒരു നിശ്ചിത പിഴ തുക അടച്ച് കൊണ്ട് തങ്ങളുടെ റെസിഡൻസി നിയമലംഘനം സംബന്ധിച്ച ശിക്ഷകൾ ഒഴിവാക്കുന്നതിന് ഈ പദ്ധതി അവസരം നൽകിയിരുന്നു.
എന്നാൽ ഈ പദ്ധതി നിർത്തിവെക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളോട് നിർദ്ദേശിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്കെതിരെ ആഭ്യന്തര മന്ത്രാലയം കർശന നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ സുരക്ഷാ വകുപ്പുകളിലെ സ്രോതസ്സുകൾ സൂചന നൽകിയിരുന്നു.