കുവൈറ്റ്: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ശക്തം; 8 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മുൻ‌കൂർ പ്രവേശനാനുമതി നിർബന്ധം

GCC News

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം കർശനമായ പരിശോധനകൾ നടപ്പിലാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് തുടരുന്നവരെ കണ്ടെത്തുന്നതിനായുള്ള നടപടികൾ ശക്തമാക്കുമെന്നും, ഇത്തരം വ്യക്തികളെ കണ്ടെത്തുന്നതിനായുള്ള പ്രത്യേക പരിശോധനകൾ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടപ്പിലാക്കുമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയാതായി പ്രാദേശിക മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കുവൈറ്റ് നടപ്പിലാക്കിയ പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താത്ത ഒന്നരലക്ഷത്തിലധികം പേർ ഇപ്പോഴും റെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് കുവൈറ്റിൽ തുടരുന്നതായാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഇത്തരക്കാർക്ക് പിഴ തുക അടയ്ക്കാതെ രാജ്യത്ത് നിന്ന് മടങ്ങുന്നതിന് അവസരം നൽകുന്ന പൊതുമാപ്പിന്റെ കാലാവധി ഇനി നീട്ടി നൽകില്ലെന്നാണ് മന്ത്രാലയത്തിലെ സ്രോതസ്സുകൾ വ്യക്തമാക്കുന്നത്.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും, ഇത്തരം പരിശോധനകളിൽ പിടിക്കപ്പെടുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്നും, ഇത്തരക്കാരെ കുവൈറ്റിൽ നിന്ന് നാട് കടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിരലടയാളം ഉൾപ്പടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷമാണ് ഇവരെ കുവൈറ്റിൽ നിന്ന് നാട് കടത്തുന്നത്. ഇതിനാൽ ഇത്തരക്കാർക്ക് പിന്നീട് അഞ്ച് വർഷത്തേക്ക് ജി സി സി രാജ്യങ്ങളിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്നതാണ്.

അതേ സമയം, എട്ട് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻ‌കൂർ സെക്യൂരിറ്റി അനുമതി നിർബന്ധമാക്കാൻ കുവൈറ്റിലെ വിവിധ ഗവർണറേറ്റുകളിലെ റെസിഡൻസി വകുപ്പുകൾക്ക് മന്ത്രാലയം നിർദ്ദേശം നൽകിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുഡാൻ, ലെബനൻ, സിറിയ, ഇറാഖ്, പാകിസ്ഥാൻ, ഇറാൻ, അഫ്ഘാനിസ്ഥാൻ , യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഇത്തരം പരിശോധനകൾ നിർബന്ധമാക്കിയിട്ടുള്ളത്.