റെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി കുവൈറ്റ് അധികൃതർ രാജ്യത്തുടനീളം പ്രത്യേക പരിശോധനകൾ ശക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ പരിശോധനകളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിൽ ഇത്തരത്തിലുള്ള ആയിരത്തോളം വിദേശികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുമെന്നാണ് കുവൈറ്റ് അധികൃതർ അറിയിക്കുന്നത്.
വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നവരും ഈ പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ കൂട്ടിച്ചേർത്തു.