കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഏതാനം സേവനകേന്ദ്രങ്ങളിൽ നിന്ന് സാധാരണ സമയക്രമം അനുസരിച്ച് ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്ന നടപടികൾ പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. COVID-19 വ്യാപന പശ്ചാത്തലത്തിൽ ഏതാണ്ട് ഒന്നര വർഷത്തോളമായി ഇത്തരം സേവനകേന്ദ്രങ്ങളിൽ നിന്ന് പ്രവർത്തിദിനങ്ങളിൽ വൈകീട്ടുള്ള ഷിഫ്റ്റിൽ (3 pm മുതൽ 7 pm വരെ) ഉപഭോക്താക്കൾക്ക് സേവനം നൽകിയിരുന്നില്ല.
സബാഹ് അൽ സലേം, മുബാറക് അൽ കബീർ ഗവർണറേറ്റ്, ജഹ്‌റ ഗവർണറേറ്റ് എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളിൽ നിന്നാണ് ആഭ്യന്തര മന്ത്രാലയം സാധാരണ സമയക്രമം അനുസരിച്ച് സേവനങ്ങൾ നൽകുന്നത്. ഈ കേന്ദ്രങ്ങളിൽ നിന്ന് 3 pm മുതൽ 7 pm വരെയുള്ള ഷിഫ്റ്റിലും ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതാണ്.
പൂർണ്ണമായും COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമാണ് ഇത്തരം സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ രാവിലെ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് ഇവയുടെ പ്രവർത്തനസമയക്രമം സാധാരണ രീതിയിലേക്ക് തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചത്.