നവംബർ 17 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ദിനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന നിലയിലേക്ക് സേവനങ്ങൾ ഉയർത്താൻ തയ്യാറാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി. കുവൈറ്റ് വ്യോമയാന വകുപ്പ് ഡയറക്ടർ ജനറൽ യൂസഫ് അൽ ഫൗസാൻ ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിക്ക് അയച്ച ഒരു കത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
കുവൈറ്റ് വിമാനത്താവളത്തിൽ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ മുൻകരുതൽ നടപടികൾ വിശകലനം ചെയ്യുന്നതിനായി നവംബർ 9-ന് ചേർന്ന പ്രത്യേക യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തതായി ഈ കത്തിൽ ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളത്തിൽ ആവശ്യത്തിന് ജീവനക്കാർ ഉണ്ടെങ്കിൽ പ്രവർത്തനങ്ങൾ 24 മണിക്കൂറും തുടരുന്നതിന് ആരോഗ്യ മന്ത്രാലയത്തിന് എതിരഭിപ്രായമില്ല എന്ന് ഈ യോഗത്തിൽ മന്ത്രാലയം അറിയിച്ചതായി ഈ കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇതിന്റെ തുടർ നടപടിയെന്ന നിലവിലാണ് നവംബർ 17 മുതൽ വിമാനത്താവളം ദിനവും 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നതിന് തയ്യാറാണെന്ന് വ്യോമയാന വകുപ്പ് അറിയിച്ചിട്ടുള്ളത്.
അതേ സമയം, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തുന്ന പുതിയ യാത്രാ നിർദ്ദേശങ്ങൾ പ്രകാരം, യാത്രികർക്ക് വിമാനങ്ങളിലേക്ക് ഹാൻഡ് ബാഗേജുകൾ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് DGCA അറിയിച്ചിട്ടുണ്ട്.