ആഗോള തലത്തിൽ COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിലവിൽ രാജ്യത്ത് ഭാഗികമായോ, പൂർണ്ണമായോ കർഫ്യു ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കുവൈറ്റ് ആലോചിക്കുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈറ്റ് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുവൈറ്റിലെ നിലവിലെ COVID-19 സുരക്ഷിത സാഹചര്യം നിലനിർത്തുന്നതിനായി ആരോഗ്യ മുൻകരുതൽ നടപടികളും, പ്രതിരോധ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വകഭേദം കുവൈറ്റിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ പരിഭ്രാന്തിയ്ക്ക് ഇടയാക്കുന്നില്ലെന്നും, രാജ്യത്ത് എല്ലാ വിഭാഗങ്ങൾക്കും ബൂസ്റ്റർ വാക്സിനുകൾ ലഭ്യമാണെന്നും കുവൈറ്റ് സർക്കാർ വക്താവ് താരീഖ് അൽ മാസരേം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂർത്തിയാക്കിയവർക്ക് മുൻകൂർ ബുക്കിംഗ് കൂടാതെ തന്നെ ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പൗരന്മാർക്കും, പ്രവാസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി നവംബർ 27-ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു.