കുവൈറ്റ്: COVID-19 വാക്സിൻ സ്വീകരിച്ചവർക്കായി മൂന്ന് തരത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

Kuwait

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് മൂന്ന് തരത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മുഴുവൻ ഡോസ് വാക്സിൻ സ്വീകരിച്ചവർ, ഒരു ഡോസ് മാത്രം സ്വീകരിച്ചവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായാണ് മന്ത്രാലയം വ്യത്യസ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്.

മെയ് 7-നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ആദ്യ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്ക് ഓറഞ്ച് നിറത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റാണ് നൽകുന്നത്.

മുഴുവൻ ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചവർക്ക് പച്ച നിറത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റാണ് ലഭിക്കുക. COVID-19 രോഗബാധിതരായി രോഗമുക്തി നേടുകയും, തുടർന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്തിട്ടുള്ളവർക്ക് പച്ച നിറത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റാണ് നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിനേഷൻ ആപ്പിലും, വെബ്സൈറ്റിലും ഈ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാണ്. രോഗപ്രതിരോധ ശേഷി നേടിയവരാണെന്ന് തെളിയിക്കുന്നതിനും, ഭാവിയിൽ ഷോപ്പിംഗ് മാളുകൾ, സിനിമശാലകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിനും, യാത്രകൾക്കും ഇത്തരം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.