കുവൈറ്റ്: പള്ളികളിലെ COVID-19 സുരക്ഷാ നിബന്ധനകൾ കർശനമാക്കി; വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ

GCC News

രാജ്യത്തെ പള്ളികളിൽ COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കൂടുതൽ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കുവൈറ്റിൽ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഉയരുന്നതും, വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കൂടുതൽ പ്രകടമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നടപടി.

പള്ളികളിലും, വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിലും സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ ശക്തമായി നടപ്പിലാക്കാനും കുവൈറ്റ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാന പ്രകാരം കുവൈറ്റിലെ പള്ളികളിൽ താഴെ പറയുന്ന നിബന്ധനകൾ കർശനമായി നടപ്പിലാക്കുന്നതാണ്:

  • പള്ളികളിലെത്തുന്നവർ കൃത്യമായ രീതിയിൽ സാമൂഹിക അകലം പാലിക്കേണ്ടതാണ്.
  • പള്ളികളിലെത്തുന്നവർ ശരിയായ രീതിയിൽ മാസ്കുകൾ ധരിക്കേണ്ടതാണ്.
  • വ്യക്തികൾ തമ്മിൽ നേരിട്ടുള്ള സമ്പർക്കങ്ങൾ ഒഴിവാക്കേണ്ടതാണ്.
  • പ്രാർത്ഥനകൾക്കെത്തുന്നവർ സ്വന്തമായുള്ള നിസ്കാര പായ കൈവശം കരുതേണ്ടതാണ്.
  • പള്ളികളിൽ പ്രാർത്ഥനകൾ നടത്തുന്ന സമയങ്ങളിൽ പള്ളികളുടെ വാതിൽ, ജനൽ എന്നിവ തുറന്നിടേണ്ടതാണ്.

2022 ജനുവരി 9 മുതൽ വിവാഹ ഉടമ്പടികളുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പരമാവധി ആറ് പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി നൽകുന്നത്.

2022 ജനുവരി 9, ഞായറാഴ്ച്ച മുതൽ ഏഴ് ആഴ്ച്ചത്തേക്ക് രാജ്യത്ത് ഇൻഡോറിൽ നടക്കുന്ന എല്ലാ സാമൂഹിക ഒത്ത്ചേരലുകൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് ക്യാബിനറ്റ് നേരത്തെ അറിയിച്ചിരുന്നു.