കുവൈറ്റ്: സാമൂഹിക ഒത്ത്ചേരലുകൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിക്കാൻ സാധ്യത

GCC News

രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, കുവൈറ്റിലെ COVID-19 നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനജീവിതം സാധാരണ രീതിയിലേക്ക് മടക്കിക്കൊണ്ട് വരുന്നതിന്റെ ഭാഗമായി, കുവൈറ്റിലെ സാമൂഹ ഒത്ത്‌ചേരലുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ചും മന്ത്രാലയം തീരുമാനമെടുക്കുമെന്നാണ് സ്രോതസുകൾ സൂചിപ്പിക്കുന്നത്.

ഇതോടൊപ്പം വിമാനത്താവളങ്ങൾക്ക് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകുന്നതിനെക്കുറിച്ചും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇത്തരം ഇളവുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മന്ത്രാലയം താമസിയാതെ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുവൈറ്റിലെ ഉയർന്ന വാക്സിനേഷൻ നിരക്ക്, പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന കുറവ് തുടങ്ങിയ വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത്തരം ഒരു തീരുമാനം. COVID-19 നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം സമർപ്പിക്കുന്ന അവസാന ഘട്ട ശുപാർശകൾ അടിസ്ഥാനമാക്കിയായിരിക്കും കുവൈറ്റ് ക്യാബിനറ്റ് ഇക്കാര്യം പ്രഖ്യാപിക്കുന്നതെന്നും സ്രോതസുകൾ സൂചിപ്പിച്ചു.