ക്രിസ്മസ്, പുതുവത്സര വേളകളിൽ രാജ്യത്ത് COVID-19 മുൻകരുതൽ നിയന്ത്രണങ്ങൾ മറികടന്നുള്ള സുരക്ഷിതമല്ലാത്ത എല്ലാ തരത്തിലുള്ള ഒത്ത് ചേരലുകളും ഒഴിവാക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ഡിസംബർ 24-നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇത്തരം ഒരു നിർദ്ദേശം നൽകിയത്.
ആഗോളതലത്തിൽ COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം ഉൾപ്പടെയുള്ള വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ ഏറെ ജാഗ്രത പുലർത്താൻ കുവൈറ്റിലെ പൊതുസമൂഹത്തിന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. COVID-19 സുരക്ഷാ ശീലങ്ങൾ, മുൻകരുതൽ നിർദ്ദേശങ്ങൾ എന്നിവ വീഴ്ച്ച കൂടാതെ പാലിക്കാൻ ജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ആഘോഷങ്ങൾക്കായും, മതപരമായ കാരണങ്ങളാലുമുള്ള സുരക്ഷിതമല്ലാത്ത എല്ലാ ഒത്ത്ചേരലുകളും, ആൾക്കൂട്ടവും രോഗവ്യാപനം രൂക്ഷമാക്കുമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം, ഇത്തരം പ്രവർത്തികൾ ഒഴിവാക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് 2021 ഡിസംബർ 26, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കുന്ന പ്രവേശന നിബന്ധനകൾ പുതുക്കാൻ കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) തീരുമാനിച്ചിട്ടുണ്ട്.