കുവൈറ്റ്: ജലീബ് അൽ ശുയൂഖിൽ പുതിയ COVID-19 വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

Kuwait

രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ഇടങ്ങളിലൊന്നായ ജലീബ് അൽ ശുയൂഖിലെ COVID-19 വാക്സിനേഷൻ നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം മേഖലയിൽ ഒരു പുതിയ വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മേഖലയിലെ ജനസാന്ദ്രത കണക്കിലെടുത്ത് ഒരേസമയം കൂടുതൽ പേരെ ഉൾക്കൊള്ളാനാകുന്ന രീതിയിലാണ് ഈ വാക്സിനേഷൻ കേന്ദ്രം ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ് ജലീബ് അൽ ശുയൂഖിൽ വാക്സിനേഷൻ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുള്ള ഈ ശ്രമമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ജലീബ് അൽ ശുയൂഖിൽ പ്രവർത്തിക്കുന്ന ഒരു ജിംനേഷ്യത്തിലാണ് ഈ വാക്സിനേഷൻ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഈ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ ഇടയിലേക്ക് വാക്സിനേഷൻ നടപടികൾ എത്തിക്കുന്നതിന് ഈ പുതിയ കേന്ദ്രം സഹായകമാകുന്നതാണ്. രാജ്യത്തെ ജനസാന്ദ്രതയേറിയ മേഖലകളിൽ വാക്സിനേഷൻ പ്രചാരണ പരിപാടികൾ ത്വരിതപ്പെടുത്തുമെന്ന് ഏതാനം ദിവസങ്ങൾക്ക് മുൻപ് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ COVID-19 പ്രതിരോധ കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറല്ലാ അറിയിച്ചിരുന്നു.

കുവൈറ്റിലെ ഫർവാനിയ ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന ജലീബ് അൽ ശുയൂഖ് മേഖലയിൽ ഏറ്റവും കൂടുതൽ പ്രവാസി തൊഴിലാളികൾ താമസിക്കുന്ന ഒരിടമാണ്. രാജ്യത്ത് നിലവിൽ രേഖപ്പെടുത്തുന്ന പ്രതിദിന COVID-19 രോഗബാധയിൽ ഏതാണ്ട് 23 ശതമാനവും ഫർവാനിയ മേഖലയിൽ നിന്നാണ്.