കുവൈറ്റ്: ദിനം തോറുമുള്ള COVID-19 രോഗബാധിതരുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കവെക്കുന്നത് നിർത്തലാക്കുന്നു

GCC News

രാജ്യത്തെ ദിനം തോറുമുള്ള COVID-19 രോഗബാധിതരുടെ കണക്കുകൾ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെക്കുന്നത് നിർത്തലാക്കാൻ തീരുമാനിച്ചതായി കുവൈറ്റ് അധികൃതർ വ്യക്തമാക്കി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദിനെ ഉദ്ധരിച്ച് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദിനം തോറുമുള്ള COVID-19 രോഗബാധിതരുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കവെക്കുന്നത് നിർത്തലാക്കുന്നതിനും, അടുത്ത ആഴ്ച്ച മുതൽ ഈ കണക്കുകൾ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മാത്രം പ്രസിദ്ധീകരിക്കുന്നതിനുമാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ COVID-19 രോഗവ്യാപനം തീർത്തും കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം.

2020 ഫെബ്രുവരി മുതൽ തുടർച്ചയായി 747 ദിവസങ്ങളിൽ COVID-19 രോഗവ്യാപനം സംബന്ധിച്ച കണക്കുകൾ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെച്ചിരുന്നു. കുവൈറ്റിൽ 2020 ഫെബ്രുവരി 24-നാണ് ആദ്യ COVID-19 രോഗബാധ റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ രോഗവ്യാപനം തീർത്തും കുറഞ്ഞ സാഹചര്യത്തിൽ മന്ത്രാലയത്തിന്റെ ആഴ്ചതോറുമുള്ള പ്രത്യേക COVID-19 പത്രസമ്മേളനങ്ങൾ നിർത്തലാക്കിയതായും, ദിനം തോറുമുള്ള COVID-19 രോഗബാധിതരുടെ കണക്കുകൾ ഇനി മുതൽ https://covid19.moh.gov.sa/ എന്ന വെബ്സൈറ്റിലൂടെ നൽകുമെന്നും സൗദി ആരോഗ്യ മന്ത്രാലയം 2022 മാർച്ച് 6-ന് അറിയിച്ചിരുന്നു.