കുവൈറ്റ്: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം

GCC News

രാജ്യത്തെ മുഴുവൻ പ്രവാസികളുടെയും ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദ് ചെയ്തതായുള്ള രീതിയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ഡിസംബർ 17-ന് വൈകീട്ടാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഈ അറിയിപ്പ് പുറത്തിറക്കിയത്. മുഴുവൻ പ്രവാസികളുടെയും ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദ് ചെയ്തതായും, ഇത്തരം ലൈസൻസുകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന നടപടികൾ നിർത്തലാക്കിയതായുമുള്ള വാർത്തകൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി പുറത്തിറക്കിയ ഒരു വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിച്ചിരുന്നത്. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തലാക്കാൻ ട്രാഫിക് വകുപ്പിനോട് ശുപാർശ ചെയ്തുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട കിംവദന്തികൾ സമൂഹ മാധ്യമങ്ങളിൽ സജീവമായത്.

പ്രവാസികളുടെ നിയമ സാധുത ഇല്ലാത്ത ഡ്രൈവിംഗ് ലൈസൻസുകൾക്ക് മാത്രമാണ് വിലക്കേർപ്പെടുത്തുന്നതെന്നും, ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പ്രവാസികൾക്ക് നിലവിൽ അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകളിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും, മന്ത്രിസഭാ തലത്തിലെടുത്തിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം നിലനിർത്താൻ അർഹതയുള്ള ലൈസൻസുകൾ ഇവയിൽ നിന്ന് കണ്ട് പിടിക്കുന്നതിനും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു.