6 മാസത്തിലധികമായി കുവൈറ്റിന് പുറത്ത് തുടരുന്ന ഗാർഹിക ജീവനക്കാരുടെ റെസിഡൻസി സ്വയമേവ റദ്ദ് ചെയ്യുന്ന നടപടികൾ പുനരാരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആർട്ടിക്കിൾ 20 പ്രകാരമുള്ള ഗാർഹിക ജീവനക്കാരുടെ റെസിഡൻസി പെർമിറ്റുകൾ, അവർ തുടർച്ചയായി ആറ് മാസം കുവൈറ്റിന് പുറത്ത് തുടരുന്ന സാഹചര്യത്തിൽ സ്വയമേവ റദ്ദാകുന്നതാണ്.
ഈ തീരുമാന പ്രകാരം, 2021 ഡിസംബർ 1 മുതൽ ആറ് മാസം കണക്കാക്കുന്ന രീതിയിലാണ് ഈ നടപടികൾ പുനരാരംഭിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഡിസംബർ 18-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ആഗോളതലത്തിൽ യാത്രാ സേവനങ്ങളിൽ തടസം നേരിട്ട സാഹചര്യത്തിലാണ് കുവൈറ്റ് ഗാർഹിക ജീവനക്കാരുടെ റെസിഡൻസി സ്വയമേവ റദ്ദ് ചെയ്യുന്ന നടപടികൾ താത്‌കാലികമായി നിർത്തലാക്കിയത്.