കുവൈറ്റ്: പൊലീസുകാരെ കയ്യേറ്റം ചെയ്യുന്നവർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

GCC News

രാജ്യത്ത് പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്ന വ്യക്തികൾക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരം പ്രവർത്തികളിലേർപ്പെടുന്ന കുവൈറ്റ് പൗരന്മാർക്കും, പ്രവാസികൾക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡ്യൂട്ടിയിലുള്ള പോലീസുകാർക്കെതിരെ അതിക്രമം പ്രവർത്തിക്കുന്നത് അത്യന്തം ഗൗരവകരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

രാജ്യത്ത് അടുത്തിടെ പോലീസുകാർക്കെതിരെയുള്ള അതിക്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഡ്യൂട്ടിയിലിരിക്കുന്ന പൊലീസുകാരെ കയ്യേറ്റം ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവും, 5000 ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

വാക്കുകൾ കൊണ്ടോ, ആംഗ്യങ്ങൾ കൊണ്ടോ ഡ്യൂട്ടിയിലിരിക്കുന്ന പൊലീസുകാരെ അപമാനിക്കുന്ന പ്രവർത്തനങ്ങൾക്ക് രണ്ട് വർഷം വരെ തടവും, 3000 ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Cover Image: Kuwait News Agency.