കുവൈറ്റിലെ കർഫ്യു നിയന്ത്രണങ്ങൾ: ഭക്ഷണശാലകളിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല; പാർസൽ സേവനങ്ങൾ മാത്രം

Kuwait

മാർച്ച് 7 മുതൽ ഏപ്രിൽ 8 വരെ കുവൈറ്റിൽ രാജ്യവ്യാപകമായി ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ ഭാഗമായി, കർഫ്യു ഏർപ്പെടുത്താത്ത, പകൽ 5 മുതൽ വൈകീട്ട് 5 വരെയുള്ള സമയങ്ങളിൽ പോലും രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിലേക്ക് ഉപഭോക്താക്കൾക്ക് പ്രവേശിക്കാൻ അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. കുവൈറ്റ് മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ അഹ്മദ് അൽ മൻഫൗഹിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മാർച്ച് ഏഴ് മുതൽ ഏപ്രിൽ 8 വരെ രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ ഉപഭോക്താക്കൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനോ, ഇത്തരം സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിനോ അനുമതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് ഓൺലൈൻ ഡെലിവറി സേവനങ്ങൾ മുഖേനെയുള്ളതും, ഉപഭോക്താക്കൾ വാഹനങ്ങളിൽ ഇരുന്ന് കൊണ്ട് നൽകുന്ന പാർസൽ ഓർഡറുകളും മാത്രമാണ് നൽകാൻ അനുമതിയുള്ളത്. പൊതു ഇടങ്ങളിലും മറ്റുമുള്ള ഇരിപ്പിടങ്ങൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

മാർച്ച് ഏഴ് മുതൽ ഏപ്രിൽ 8 വരെ ഒരു മാസത്തേക്കാണ് നിലവിൽ ഭാഗിക കർഫ്യു ഏർപ്പെടുത്താൻ കുവൈറ്റ് തീരുമാനിച്ചിട്ടുള്ളത്. ഈ കാലയളവിൽ ദിനവും വൈകീട്ട് 5 മണിമുതൽ പിറ്റേന്ന് രാവിലെ 5 വരെയാണ് കർഫ്യു ഏർപ്പെടുത്തുന്നത്.

രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സുരക്ഷാ വിഭാഗങ്ങൾ രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചിട്ടുണ്ട്.