കുവൈറ്റ്: പൗരന്മാർക്കും, പ്രവാസികൾക്കും സൗജന്യ COVID-19 ടെസ്റ്റിംഗ് നൽകാൻ തീരുമാനം

GCC News

കുവൈറ്റിലെ എല്ലാ സർക്കാർ ആശുപത്രികളിലും, രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും സൗജന്യ കൊറോണ വൈറസ് പരിശോധനകൾ നൽകിവരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ COVID-19 വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ PCR പരിശോധനകൾ നടത്തുന്നതിന് അംഗീകാരം നൽകിയിട്ടുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ കൊറോണാ വൈറസ് പരിശോധനകൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള തുകയുടെ മുകളിൽ ഈടാക്കുന്നതിനുള്ള പ്രവണത തടയാനുള്ള നടപടികൾ കൈക്കൊണ്ടതായും മന്ത്രാലയം അറിയിച്ചു. കുവൈറ്റിലെ സ്വകാര്യ മേഖലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും COVID-19 പരിശോധനകൾക്ക് ഒരേ തുക ഉറപ്പാക്കാൻ ഈ നടപടികളിലൂടെ സാധ്യമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റിലെ കൊറോണ വൈറസ് രോഗബാധിതരുടെ പ്രായം, താമസ മേഖല മുതലായ വിവരങ്ങൾ അടിസ്ഥാനമാക്കി രോഗവ്യാപനം തടയുന്നതിനുള്ള മാനദണ്ഡങ്ങൾ രൂപപ്പെടുത്താൻ സഹായകമാകുന്ന പ്രത്യേക വിശകലനങ്ങൾ നടന്നുവരുന്നതായും മന്ത്രാലയം അറിയിച്ചു.