രാജ്യത്തെ പ്രവാസി ജീവനക്കാരുടെ ഔദ്യോഗിക വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ‘സ്മാർട്ട് എംപ്ലോയീ ഐഡി’ പുറത്തിറക്കിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. കുവൈറ്റ് മൊബൈൽ ഐഡി ആപ്പിലാണ് ഈ സ്മാർട്ട് ഐഡി ഉൾപ്പെടുത്തിയിരിക്കുന്നത്.
കുവൈറ്റിലെ തൊഴിൽ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും, തൊഴിൽ രംഗത്തെ ചൂഷണങ്ങൾ, തട്ടിപ്പുകൾ എന്നിവ തടയുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഈ തീരുമാനം ചൂഷണങ്ങൾക്ക് ഇരയാകുന്നതിൽ നിന്ന് തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും ഒരു പോലെ സംരക്ഷണം നൽകുമെന്ന് അതോറിറ്റി അറിയിച്ചു.
തൊഴിലാളികളുടെ ലീഗൽ സ്റ്റാറ്റസ്, വർക്ക് പെർമിറ്റ് സംബന്ധമായ വിവരങ്ങൾ, തൊഴിൽ നൽകുന്ന കമ്പനിയുടെ അഡ്രസ് ഉൾപ്പടെയുള്ള വിവരങ്ങൾ, പൊതു/ സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്നതിനുള്ള അനുമതി മുതലായവ ഈ സ്മാർട്ട് ഐഡിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുവൈറ്റിലെ തൊഴിലുടമകൾക്ക് തങ്ങൾ നിയമിക്കാൻ ഉദ്ദേശിക്കുന്ന ഗാർഹിക ജീവനക്കാരുടെ ഔദ്യോഗിക വിവരങ്ങൾ അവരെ ജോലിക്കെടുക്കുന്നതിന് മുൻപ് തന്നെ പരിശോധിച്ച് ഉറപ്പിക്കുന്നതിന് ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.
Cover Image: Kuwait News Agency.