കുവൈറ്റ്: COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ അഞ്ചാം ഘട്ടം നീട്ടിവെക്കാൻ തീരുമാനം

GCC News

കുവൈറ്റിലെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ അഞ്ചാം ഘട്ടം നീട്ടിവെക്കാൻ തീരുമാനിച്ചതായി സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ (GCG) അറിയിച്ചു. സെപ്റ്റംബർ 14, തിങ്കളാഴ്ച്ച വൈകീട്ടാണ് GCG ഇക്കാര്യം അറിയിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് അഞ്ചാം ഘട്ടത്തിലെ ഇളവുകൾ നടപ്പിലാക്കുന്നത് കുവൈറ്റ് ക്യാബിനറ്റ് നീട്ടിവെച്ചിട്ടുള്ളത്.

രാജ്യത്ത് കൊറോണ വൈറസ് രോഗബാധയിൽ ദിനപ്രതി രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്താണ് കൂടുതൽ ഇളവുകൾ അനുവദിക്കുന്നത് താത്കാലികമായി നീട്ടിവെക്കാൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചത്. സാമൂഹികമായ ഒത്തുചേരലുകൾ, വിവാഹങ്ങൾ പോലുള്ള ചടങ്ങുകൾ, സിനിമാശാലകൾ തുടങ്ങിയ പ്രവർത്തനങ്ങൾ അനുവദിക്കാനിരുന്ന ഇളവുകളുടെ അഞ്ചാം ഘട്ടം, ഈ സാഹചര്യത്തിൽ നടപ്പിലാക്കുന്നത് കൂടുതൽ രോഗവ്യാപനത്തിനിടയാക്കാമെന്ന നിഗമനത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

കുവൈറ്റ് യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തുന്നു

അതേസമയം, നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി വിലക്കിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ആരോഗ്യ മന്ത്രാലയം കുവൈറ്റ് മന്ത്രിസഭയ്ക്ക് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കാനും, യമൻ, അർജന്റീന, ഫ്രാൻസ് എന്നീ രാജ്യങ്ങളെ പട്ടികയിലേക്ക് ഉൾപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.