ജലീബ് അൽ ഷുയൂഖ് മേഖലയിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ട്രാഫിക് പരിശോധനകളും, ബോധവത്കരണ പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മെയ് 19-ന് നടന്ന രണ്ട് മണിക്കൂർ പരിശോധനയിൽ 1020 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസൻസ് ഉപയോഗം, കാലാവധി അവസാനിച്ച വാഹന ഉടമസ്ഥാവകാശം, വാഹനങ്ങളിൽ നടത്തുന്ന അനധികൃതമായ രൂപമാറ്റങ്ങൾ, അനാവശ്യമായ ഹോൺ ഉപയോഗം, വാഹനങ്ങളുടെ ചില്ലുകളിൽ കൂളിംഗ് സ്റ്റിക്കറുകളുടെ ഉപയോഗം തുടങ്ങിയ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. ഈ പരിശോധനകൾക്കിടയിൽ റെസിഡൻസി കാലാവധി അവസാനിച്ച പത്തോളം പ്രവാസികളെ അറസ്റ്റ് ചെയ്തതായും അധികൃതർ കൂട്ടിച്ചേർത്തു.
ഇതിൽ പലരുടെയും റെസിഡൻസി കാലാവധി അവസാനിച്ച് വർഷങ്ങളായെന്നും, പലർക്കെതിരെയും അറസ്റ്റ് വാറന്റുകൾ നിലനിന്നിരുന്നതായും, നാട്കടത്തൽ ഉൾപ്പടെയുള്ള നടപടികൾക്ക് ശുപാർശ ചെയ്യപ്പെട്ടിരുന്നതായും അധികൃതർ വ്യക്തമാക്കി.
Cover Image: A vintage view of Jleeb Al-Shuyoukh. Kuwait News Agency.