കുവൈറ്റ്: PCR ടെസ്റ്റുകളുടെ നിരക്ക് 14 ദിനാറാക്കി കുറച്ചു

Kuwait

രാജ്യത്ത് COVID-19 PCR പരിശോധനകളുടെ നിരക്ക് 14 ദിനാറാക്കി കുറച്ചതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021 സെപ്റ്റംബർ 26, ഞായറാഴ്ച്ച മുതൽ ഈ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടൊപ്പം ആന്റിബോഡി ടെസ്റ്റുകളുടെ നിരക്ക് 3 ദിനാറാക്കുന്നതിനും കുവൈറ്റ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ COVID-19 രോഗവ്യാപനത്തിൽ കുറവ് നേരിടുന്നതും, പുതിയ അധ്യയന വർഷം ആരംഭിച്ചതും കണക്കിലെടുത്താണ് പരിശോധനാ നിരക്കുകൾ കുറയ്ക്കാനുള്ള തീരുമാനമെന്നാണ് മാധ്യമങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.

നേരത്തെ കുവൈറ്റിൽ PCR ടെസ്റ്റുകൾക്ക് 17 ദിനാറാണ് ഈടാക്കിയിരുന്നത്. ആന്റിബോഡി പരിശോധനകൾക്ക് 12 ദിനാറാണ് ഈടാക്കിയിരുന്നത്.

ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന COVID-19 രോഗമുക്തി നിരക്ക് കുവൈറ്റിൽ രേഖപ്പെടുത്തിയതായി ജി സി സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.