കുവൈറ്റ്: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനം

GCC News

രാജ്യത്തെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്ക് COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് പ്രധാന മന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് പ്രഖ്യാപിച്ചു. ഒക്ടോബർ 20-ന് വൈകീട്ട് നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നതിന്റെയും, ജനജീവിതം പടിപടിയായി സാധാരണ നിലയിലേക്ക് മടക്കി കൊണ്ട് വരുന്നതിന്റെയും അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി കുവൈറ്റ് മന്ത്രിസഭാ സമിതി താഴെ പറയുന്ന നിർദ്ദേശങ്ങൾ അംഗീകരിച്ചതായി കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ വ്യക്തമാക്കിയിട്ടുണ്ട്.

  • ഒക്ടോബർ 22 മുതൽ പള്ളികളിലെത്തുന്ന വിശ്വാസികൾക്കിടയിൽ സമൂഹ അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതാണ്. എന്നാൽ മാസ്കുകളുടെ ഉപയോഗം, മറ്റു സുരക്ഷാ നിബന്ധനകൾ എന്നിവ തുടരും.
  • ഒക്ടോബർ 24 മുതൽ ഔട്ഡോർ പൊതു ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കാൻ അനുമതി നൽകും.
  • ഇൻഡോർ ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം എന്നിവ തുടരും.
  • രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് വിവാഹം, സാമൂഹിക ഒത്ത് ചേരലുകൾ, സമ്മേളനങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ അനുമതി നൽകും.
  • കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള വാക്സിനെടുത്തവർക്ക് പുതിയ വിസകൾ അനുവദിക്കും.
  • ഒക്ടോബർ 24 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണശേഷിയിലേക്ക് ഉയർത്തും.