ട്രാൻസിറ്റ് യാത്രികർക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിയന്ത്രണമേർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ DGCA ഓപ്പറേഷൻസ് ഡയറക്ടർ മൻസൂർ അൽ ഹാഷെമി എയർപോർട്ട് അധികൃതർക്ക് നൽകിയതായാണ് സൂചന.
ട്രാൻസിറ്റ് യാത്രികർക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ നിർദ്ദേശിച്ച് കൊണ്ട് ഫെബ്രുവരി 19-ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം.
അതേസമയം, 2021 മാർച്ച് 7 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവത്തിന്റെ പ്രതിദിന പ്രവർത്തനസമയം 24 മണിക്കൂറാക്കി ഉയർത്താൻ DGCA തീരുമാനിച്ചിട്ടുണ്ട്.