ആറുമാസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം, സൗദി അറേബ്യയും കുവൈറ്റും തമ്മിലുള്ള കരമാർഗ്ഗത്തിലൂടെയുള്ള അതിർത്തികൾ സെപ്റ്റംബർ 15 മുതൽ തുറന്നു കൊടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ അതിർത്തിയിലൂടെ പ്രവേശിക്കുന്ന യാത്രികർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ, കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ബോർഡർ പോർട്സും സംയുക്തമായി നടപ്പിലാക്കിവരുന്നതായി, സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കുവൈറ്റിലേക്ക് പ്രവേശിക്കുന്ന മറ്റു യാത്രികരെ പോലെ, സൗദി അതിർത്തിയിലൂടെ പ്രവേശിക്കുന്നവർക്കും 96 മണിക്കൂറിനുള്ളിൽ ലഭിച്ചിട്ടുള്ള COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. യാത്രികർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഏതാണ്ട് ആറു മാസത്തോളമായി ഈ അതിർത്തികൾ അടച്ചിരിക്കുകയായിരുന്നു.