രാജ്യത്ത് ആകെ നടത്തുന്ന COVID-19 പരിശോധനകളിൽ, രോഗബാധ കണ്ടെത്തുന്നവരുടെ ശതമാന കണക്കുകളിൽ കുറവ് രേഖപ്പെടുത്തുന്നതായി കുവൈറ്റ് ആരോഗ്യ വകുപ്പ് അറിയിച്ചു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആകെ നടത്തുന്ന COVID-19 ടെസ്റ്റുകളിൽ രോഗബാധ കണ്ടെത്തുന്നവരുടെ ശതമാനം നിലവിൽ 7.7 ആണെന്ന് അദ്ദേഹം അറിയിച്ചു. സെപ്റ്റംബർ 20-ന് ഈ നിരക്ക് 17 ശതമാനവും, ഒക്ടോബർ 20-ന് ഇത് 11.1 ശതമാനവുമായിരുന്നു.
ജൂലൈ മുതൽ കുവൈറ്റിൽ കൊറോണ വൈറസ് പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ടായിരുന്നു. നിലവിൽ കുവെറ്റിലെ COVID-19 ടെസ്റ്റുകൾ ഒരു ദശലക്ഷം കടന്നിട്ടുണ്ട്. നവംബർ 21 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 1047902 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
ഇതുവരെ 139734 പേരിൽ രോഗബാധ സ്ഥിരീകരിക്കുകയും, ഇതിൽ 131560 പേർ രോഗമുക്തി നേടുകയും ചെയ്തു. 7311 പേരാണ് ഇപ്പോൾ കുവൈറ്റിൽ ചികിത്സയിൽ തുടരുന്നത്. ഇതിൽ 84 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നതായും ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ 863 പേരാണ് കുവൈറ്റിൽ COVID-19 രോഗബാധയെത്തുടർന്ന് മരിച്ചത്.