രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് കുവൈറ്റിൽ തുടരുന്ന വിദേശികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു പ്രത്യേക സംവിധാനം ആരംഭിക്കാൻ കുവൈറ്റ് സർക്കാർ ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റിൽ അനധികൃത റെസിഡൻസി സ്റ്റാറ്റസുമായി തുടരുന്ന ആയിരകണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം സഹായകമാകും.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് നീതിന്യായ മന്ത്രാലയം എന്നീ വകുപ്പുകളിലെ മന്ത്രിമാർ പങ്കെടുത്ത ഒരു യോഗത്തിലാണ് ഇത്തരം ഒരു സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്. കുവൈറ്റ് മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത ഈ യോഗത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന അനധികൃത റെസിഡൻസി സ്റ്റാറ്റസുള്ള വിദേശ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു.
ഇത്തരക്കാരുടെ റെസിഡൻസി സ്റ്റാറ്റസ് സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ഔദ്യോഗിക പ്ലാറ്റ്ഫോമിന് രൂപം നൽകാൻ ഈ ചർച്ചയിൽ തീരുമാനിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊഴിലുടമകളുടെ സഹായത്തോടെ റെസിഡൻസി പെർമിറ്റ് പുതുക്കുന്നതിന് സാധ്യമല്ലാത്ത പ്രവാസി തൊഴിലാളികൾ, അടച്ച് പൂട്ടിയ തൊഴിൽ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു സംവിധാനം ആരംഭിക്കുന്നതെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.
കൂടുതൽ വിഭാഗം പ്രവാസികൾക്ക് ഈ സംവിധാനത്തിന്റെ സഹായം ലഭ്യമാകുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾ ഇത് നടപ്പിലാക്കുന്ന വേളയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈറ്റിലെ നിയമങ്ങൾ അനുസരിച്ച് റെസിഡൻസി സ്റ്റാറ്റസ് സാധുത വരുത്തുന്നതിന് അർഹതയുള്ള എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്ന രീതിയിലായിരിക്കും ഇത് നടപ്പിലാക്കുന്നതെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. എന്നാൽ ഈ സംവിധാനം എന്ന് മുതൽ നിലവിൽ വരുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.