COVID-19 വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ഓഗസ്റ്റ് മാസം മുതൽ കുവൈറ്റിലേക്ക് തിരികെയെത്താൻ അനുമതി നൽകാൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രവേശനവിലക്കുകളെത്തുടർന്ന് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രവാസി അധ്യാപകർ ഇപ്രകാരം കുവൈറ്റിലേക്ക് തിരികെ മടങ്ങുന്നതിനായി കാത്തിരിക്കുന്നുണ്ട്.
ഇത്തരത്തിൽ രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി അധ്യാപകരെ തിരികെ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുവൈറ്റിലെ സ്വകാര്യ വിദ്യാലയങ്ങളുടെ ഉടമകളെ പ്രതിനിധീകരിക്കുന്ന സംഘടന നൽകിയ അപേക്ഷയ്ക്ക് രാജ്യത്തെ COVID-19 പ്രതിരോധത്തിന്റെ ചുമതലയുള്ള മന്ത്രിസഭാ കമ്മിറ്റി അംഗീകാരം നൽകിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് പ്രകാരം സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകർ, അഡ്മിനിസ്‌ട്രേറ്റീവ് ചുമതലകളുള്ള ജീവനക്കാർ മുതലായവരെ ഓഗസ്റ്റ് മുതൽ തിരികെ പ്രവേശിപ്പിക്കാൻ മന്ത്രിസഭാ കമ്മിറ്റി തീരുമാനിച്ചതായാണ് സൂചന.
അടുത്ത അധ്യയന വർഷത്തിൽ ഈ അധ്യാപകരുടെ സേവനം ലഭ്യമാകുന്ന രീതിയിൽ ഓഗസ്റ്റ് 1 മുതൽ ഇവർക്ക് രാജ്യത്ത് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതിന് അംഗീകാരം നൽകിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തെ ഔദ്യോഗികമായി കമ്മിറ്റി അറിയിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.