2021-2022 സ്പോർട്സ് സീസണിന്റെ ആരംഭം മുതൽ രാജ്യത്തെ സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കാൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. സെപ്റ്റംബർ 6-ന് നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
ഈ തീരുമാനം നടപ്പിലാക്കുന്നതിനായി ജനറൽ സ്പോർട്സ് അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ COVID-19 രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മഹാമാരി ആരംഭിച്ചത് മുതൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ രോഗനിരക്കാണ് നിലവിൽ കുവൈറ്റിൽ റിപ്പോർട്ട് ചെയ്യുന്നത്.
COVID-19 വാക്സിനെടുത്തവർക്ക് മാത്രം സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം നൽകുന്ന രീതിയിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. സ്റ്റേഡിയങ്ങളുടെ പരമാവധി ശേഷിയുടെ 30 ശതമാനം കാണികൾക്ക് മാത്രമാണ് ഈ രീതിയിൽ പ്രവേശനം അനുവദിക്കുന്നത്.
രാജ്യത്തെ കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി 2021 ജൂൺ മാസത്തിൽ അനുമതി നൽകിയിരുന്നു. കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി രാജ്യത്ത് പ്രാദേശിക ക്ലബ് തലത്തിൽ ഉൾപ്പടെയുള്ള എല്ലാ പ്രായവിഭാഗങ്ങളുടെയും സ്പോർട്സ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനാണ് കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി അനുമതി നൽകിയത്.