രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നൂറിൽപ്പരം പ്രവാസികളെ നാട് കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിലെ പൊതു സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ പൊതു സുരക്ഷാ വിഭാഗം നടത്തിയ പ്രത്യേക പരിശോധനകളിലാണ് ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയത്. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരെയും, സ്പോൺസറിൽ നിന്ന് ഒളിച്ചോടിയവരെയും ഈ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതിന് പുറമെ മയക്ക് മരുന്നുകൾ, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ കടത്തുമായി ബന്ധപ്പെട്ടും നിരവധി പേർ ഈ പരിശോധനകളിൽ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായിട്ടുണ്ട്. റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് 121 പേർക്കെതിരെയാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്.