കുവൈറ്റ്: മാനുഷിക പരിഗണന ആവശ്യപ്പെടുന്ന ഏതാനം സന്ദർശക വിസകളുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടുമെന്ന് സൂചന

Kuwait

വിസ കാലാവധി അവസാനിച്ച ശേഷവും കുവൈറ്റിൽ തുടരുന്നവരിൽ, മാനുഷിക പരിഗണനയ്ക്ക് അർഹതയുള്ള ഏതാനം സന്ദർശക വിസകൾക്ക് ഒരു മാസത്തെ അധിക സമയം അനുവദിക്കാൻ തീരുമാനമായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റിൽ വിസ കാലാവധി അവസാനിച്ചവർക്ക് നിയമ നടപടികൾ കൂടാതെ രാജ്യം വിടുന്നതിനായി നൽകിയിരുന്ന കാലയളവ് നവംബർ അവസാനത്തോടെ അവസാനിച്ചിരുന്നു.

സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ടാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊറോണ വൈറസ് സാഹചര്യം മൂലം ഉടലെടുത്തിട്ടുള്ള യാത്രാ ബുദ്ധിമുട്ടുകൾ, ആരോഗ്യ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഉയർന്ന വിമാന ടിക്കറ്റ് നിരക്കുകൾ എന്നിവ കണക്കിലെടുത്താണ് മാനുഷിക പരിഗണന അർഹിക്കുന്നവർക്ക് ഒരു മാസത്തെ കൂടി അധിക സമയം അനുവദിക്കാൻ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിസ ലംഘകർക്ക് പിഴ കൂടാതെ കുവൈറ്റിൽ നിന്ന് മടങ്ങുന്നതിനായി അനുവദിക്കപ്പെട്ട സമയം തിങ്കളാഴ്ച്ച അർദ്ധരാത്രി അവസാനിച്ചുവെങ്കിലും, നിലവിൽ രാജ്യത്ത് തുടരുന്ന ഇത്തരക്കാരിൽ അർഹത ഉള്ളവർക്ക് പ്രത്യേക പരിഗണന നൽകാൻ ആഭ്യന്തര മന്ത്രാലയം തയ്യാറാകുന്നു എന്നാണ് സൂചന. ഇത്തരത്തിൽ വിസ കാലാവധി അവസാനിച്ച അയ്യായിരത്തോളം പേർ കുവൈറ്റിൽ തുടരുന്നതായാണ് ലഭിക്കുന്ന വിവരം.