60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ റെസിഡൻസി, വർക്ക് പെർമിറ്റുകൾ പുതുക്കുന്നത് വിലക്കാനുള്ള തീരുമാനം നടപ്പിലാക്കാനുള്ള നടപടികൾ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനുവരി 1 മുതൽ 60 കഴിഞ്ഞ പ്രവാസികളുടെ ഇത്തരം പെർമിറ്റുകൾ പുതുക്കുന്നത് നിർത്തലാക്കുമെന്ന് കുവൈറ്റ് നേരത്തെ അറിയിച്ചിരുന്നു.
60 വയസ്സിനു മുകളിൽ പ്രായമുള്ള ഹൈ സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പ്രവാസികളെയാണ് ഈ തീരുമാനത്തിന് കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ ശെരിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കുവൈറ്റ് ഇത്തരം ഒരു തീരുമാനം നടപ്പിലാക്കുന്നത്.
ഈ വിലക്കിനു കീഴിൽ വരുന്ന പ്രവാസികളുടെ റെസിഡൻസി കാലാവധി അവസാനിക്കുന്ന മുറയ്ക്ക്, അവർക്ക് രാജ്യം വിടുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളുന്നതിനുള്ള സംവിധാനത്തിനാണ് മാൻപവർ അതോറിറ്റി ഇപ്പോൾ രൂപം നൽകാൻ തീരുമാനിച്ചിട്ടുള്ളത്. നിലവിലെ വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കുന്നതിനനുസരിച്ചായിരിക്കും ഇവരുടെ റെസിഡൻസി അവസാനിക്കുക എന്നാണ് ലഭിക്കുന്ന സൂചന. മാൻപവർ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ടാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
2021 തുടക്കത്തോടെ ഈ തീരുമാനം നടപ്പിലാക്കി തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ വിലക്കിനു കീഴിൽ വരുന്ന പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പുതുക്കി നൽകില്ലെന്നും, ഇതോടെ തൊഴിൽ കരാർ ഉൾപ്പടെയുള്ളവ സ്വയമേവ റദ്ദാക്കപ്പെടുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ വർക്ക് പെർമിറ്റ് അവസാനിക്കുന്നവർക്ക്, കാലാവധി അവസാനിച്ച് ഒന്ന് മുതൽ മൂന്ന് മാസത്തിനിടയിൽ കുവൈറ്റിൽ നിന്ന് മടങ്ങേണ്ടി വരുന്നതാണെന്നും അതോറിറ്റിയിൽ നിന്നുള്ള സ്രോതസ്സുകൾ സൂചിപ്പിക്കുന്നു.