രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2024 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. 2024 മെയ് 30-നാണ് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കുവൈറ്റിൽ 2024 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നത്.
ഈ തീരുമാന പ്രകാരം, 2024 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ കുവൈറ്റിലെ ഇത്തരം തൊഴിലിടങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 4 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും, ഇത്തരം വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനകൾ നടത്തുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഈ തീരുമാനം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി അതോറിറ്റിയുടെ നേതൃത്വത്തിൽ മുന്നറിയിപ്പില്ലാതെ പരിശോധനകൾ നടത്തുന്നതാണ്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
Photo: Kuwait News Agency.