രാജ്യത്തെ പ്രവാസികൾക്ക് നിലവിൽ അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകൾ നിലനിർത്തുന്നതിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ട്രാഫിക് വകുപ്പിന് നിർദ്ദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച നിർദ്ദേശം രാജ്യത്തെ ട്രാഫിക് വകുപ്പുകൾക്ക് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് നൽകിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രവാസികൾക്ക് നിലവിൽ അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകളിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും, മന്ത്രിസഭാ തലത്തിലെടുത്തിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം നിലനിർത്താൻ അർഹതയുള്ള ലൈസൻസുകൾ ഇവയിൽ നിന്ന് കണ്ട് പിടിക്കുന്നതിനുമാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്. സർക്കാർ തീരുമാനപ്രകാരം പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത, ശമ്പളം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.
നിലവിൽ ലഭ്യമായിട്ടുള്ള വിവരങ്ങൾ പ്രകാരം പ്രവാസികൾക്ക് കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് നിലനിർത്തുന്നതിന് 600 ദിനാർ ശമ്പളം നിർബന്ധമാണ്. പരിശോധനകളിൽ ഈ ശമ്പളം ഇല്ലാത്ത പ്രവാസികളുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്ന നടപടികളും ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും.