പ്രവാസികൾക്ക് ബാധകമാകുന്ന റെസിഡൻസി നിയമങ്ങൾ കുവൈറ്റ് കൂടുതൽ കർശനമാക്കിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രവാസി റെസിഡൻസിയുമായി ബന്ധപ്പെട്ട നിബന്ധനകൾ കൂടുതൽ കർശനമാക്കുന്നതിലൂടെ റസിഡൻസി അനുവദിക്കുന്ന നടപടികളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രധാനപ്പെട്ട നിബന്ധനകളാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്:
- പാസ്സ്‌പോർട്ട് നഷ്ടപ്പെടുന്ന പ്രവാസികൾ അക്കാര്യം രണ്ടാഴ്ചയ്ക്കകം ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
- ഹോട്ടലുകൾ, താമസസൗകര്യങ്ങൾ നൽകുന്ന മറ്റു ഇടങ്ങൾ മുതലായവ തങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്ന വിദേശികളായ സന്ദർശകരുടെ വിവരങ്ങൾ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യേണ്ടതാണ്.
- കുവൈറ്റിലെത്തുന്ന സന്ദർശകർക്ക് പരമാവധി മൂന്ന് മാസത്തേക്കാണ് (അവർ വിസ നീട്ടുകയോ, റെസിഡൻസി നേടുകയോ ചെയ്യാത്ത പക്ഷം) രാജ്യത്ത് തുടരുന്നതിന് അനുമതി.
- താത്‌കാലിക റെസിഡൻസി പെർമിറ്റുകളുടെ കാലാവധി മൂന്ന് മാസത്തേക്കാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആവശ്യമെങ്കിൽ അധികൃതർക്ക് ഇത് ഒരു വർഷം വരെ നീട്ടി നൽകാവുന്നതാണ്.
- സാധാരണ റെസിഡൻസി പെർമിറ്റുകളുടെ കാലാവധി പരമാവധി അഞ്ച് വർഷത്തേക്കാക്കി നിജപ്പെടുത്തിയിട്ടുണ്ട്. കുവൈറ്റി വനിതകളുടെ കുട്ടികൾക്കും, കുവൈറ്റിൽ വസ്തുവകകൾ ഉള്ളവർക്കും ഇത് പരമാവധി 10 വർഷം വരെയും, കുവൈറ്റിൽ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് ഇത് പതിനഞ്ച് വർഷം വരെയുമാക്കിയിട്ടുണ്ട്.
- ഗാർഹിക ജീവനക്കാർക്ക് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക അനുമതി കൂടാതെ 4 മാസത്തിൽ കൂടുതൽ കുവൈറ്റിന് പുറത്ത് താമസിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ല.
- ഒരു വിദേശിയുടെ വിസ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലും, അനുവദനീയമായതിലും കൂടുതൽ കാലത്തേക്ക് ഇവർ കുവൈറ്റിൽ തുടരുന്ന സാഹചര്യത്തിലും സ്‌പോൺസർമാർ ഈ വിവരം ആഭ്യന്തര മന്ത്രാലയത്തിനെ ധരിപ്പിക്കേണ്ടതാണ്.