കുവൈറ്റ്: ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കാൻ തീരുമാനം

Kuwait

രാജ്യത്ത് ഒരു ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ (CGC) അറിയിച്ചു. തിങ്കളാഴ്ച്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

അൽ ജാബിർ കോസ്സ് വേ ബ്രിഡ്ജിലെ സൗത്ത് ഐലൻഡിലാണ്, ഈ വാഹനങ്ങളിൽ ഇരുന്ന് കൊണ്ട് വാക്സിൻ കുത്തിവെപ്പ് സേവനങ്ങൾ ലഭിക്കുന്നതിനുള്ള കേന്ദ്രം ആരംഭിക്കുന്നതെന്നും CGC അറിയിച്ചിട്ടുണ്ട്. രാജ്യത്തെ COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

2021 സെപ്റ്റംബറോടെ രാജ്യത്തെ ഏതാണ്ട് 2 ദശലക്ഷം പേർക്ക് COVID-19 വാക്സിൻ നൽകുന്നതിനാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്. ഇതുവരെ കുവൈറ്റിൽ ഏതാണ്ട് അര ദശലക്ഷം പേർക്ക് വാക്സിൻ കുത്തിവെപ്പുകൾ നൽകിയിട്ടുണ്ട്. കുവൈറ്റിൽ ഇതുവരെ പൗരന്മാരും, പ്രവാസികളും ഉൾപ്പടെ പതിനൊന്ന് ലക്ഷത്തോളം പേർ വാക്സിൻ സ്വീകരിക്കുന്നതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.