കുവൈറ്റ്: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തുന്ന PCR പരിശോധനകളുടെ പരമാവധി നിരക്ക് 9 ദിനാറാക്കി നിശ്ചയിക്കാൻ തീരുമാനം

GCC News

2022 ജനുവരി 2, ഞായറാഴ്ച്ച മുതൽ രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്ന PCR പരിശോധനകളുടെ പരമാവധി നിരക്ക് 9 ദിനാറാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 30-ന് രാത്രിയാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സ്വകാര്യ മേഖലയിൽ PCR പരിശോധനകൾക്ക് ഈടാക്കാവുന്ന നിരക്ക് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം നടത്തിവരുന്ന തുടർച്ചയായ അവലോകനങ്ങളുടെ ഭാഗമായി മെഡിക്കൽ ലൈസൻസിങ്ങ് കമ്മിറ്റിയാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സബ്ഹാൻ മേഖലയിലെ റാപിഡ് പരിശോധനാ കേന്ദ്രത്തിൽ നിന്ന് ഈ പരിശോധന സൗജന്യമായി ലഭ്യമാക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെ 12 പ്രാഥമിക ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്നും ഈ സേവനം മുൻ‌കൂർ ഓൺലൈൻ ബുക്കിംഗ് പ്രകാരം ലഭ്യമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.