കുവൈറ്റിലേക്ക് സന്ദർശകരായി പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വിസിറ്റ് വിസകൾ അനുവദിക്കുന്ന സേവനം ആഭ്യന്തര മന്ത്രാലയം ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ സൂചന നൽകി. ഇതുമായി ബന്ധപ്പട്ട നടപടികൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പുരോഗമിക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ വിസിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ ഏതാണ്ട് ഒന്നര വർഷത്തോളമായി കുവൈറ്റ് നിർത്തിവെച്ചിരിക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന സൂചന അനുസരിച്ച് പുതിയ വിസിറ്റ് വിസകൾ അനുവദിക്കുന്നതിന് കുവൈറ്റ് ക്യാബിനറ്റ് ഒക്ടോബറിൽ അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാണിജ്യ ആവശ്യത്തിനുള്ളതും, ഫാമിലി, ടൂറിസ്റ്റ് വിഭാഗങ്ങളിലുമുള്ളതുമായ എല്ലാ തരാം വിസിറ്റ് വിസകളും സാധാരണ രീതിയിൽ ഇത്തരത്തിൽ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മാനുഷിക പരിഗണന ആവശ്യമുള്ള ഏതാനം പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് കുവൈറ്റ് സന്ദർശക വിസകൾ അനുവദിക്കുന്നത്. രാജ്യത്തെ COVID-19 വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനശേഷി ഉയർത്തുന്നതിനും, യാത്രാ വിലക്കുകൾ ഒഴിവാക്കുന്നതിനും കുവൈറ്റ് തീരുമാനിച്ച പശ്ചാത്തലത്തിൽ താമസിയാതെ സന്ദർശകർക്ക് സാധാരണ രീതിയിൽ പ്രവേശനം അനുവദിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
രാജ്യത്ത് നിന്ന് ഈജിപ്തിലേക്കും, തിരികെയുമുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചിട്ടുണ്ട്.