കുവൈറ്റ്: ഒരു വർഷം പൂർത്തിയാക്കിയവരുടെ വർക്ക് പെർമിറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്നതിന് അനുമതി നൽകും

GCC News

രാജ്യത്ത് ഒരു വർഷം കാലാവധി പൂർത്തിയാക്കിയ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് മറ്റൊരു സ്ഥാപനത്തിന് കീഴിലേക്ക് മാറ്റുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (PAM) അറിയിച്ചു. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച് PAM ഡയറക്ടർ ജനറൽ അഹ്‌മദ്‌ അൽ മൗസ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

നേരത്തെ കുവൈറ്റിൽ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകളാണ് ഇത്തരത്തിൽ മറ്റൊരു സ്ഥാപനത്തിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് അനുമതി നൽകിയിരുന്നത്. എന്നാൽ COVID-19 പശ്ചാത്തലത്തിൽ രാജ്യത്ത് നേരിടുന്ന തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനായി കമ്പനികൾക്ക് ഒരു വർഷം പൂർത്തിയാക്കിയ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ ഇത്തരത്തിൽ മാറ്റുന്നതിന് അനുമതി നൽകാൻ തീരുമാനിക്കുകയായിരുന്നു.

കുവൈറ്റിലെ തൊഴിൽ വകുപ്പിന് കീഴിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കാണ് ഇത്തരത്തിൽ തൊഴിലാളികളെ ട്രാൻസ്ഫർ ചെയ്യുന്നതിന് അനുമതി നൽകുന്നതെന്ന് അൽ മൗസ വ്യക്തമാക്കി. വർക്ക് പെർമിറ്റ് അനുവദിക്കപ്പെട്ട തീയ്യതി മുതൽ ഒരു വർഷം പൂർത്തിയാക്കിയ തൊഴിലാളികളുടെ പെർമിറ്റുകളാണ് ഇത്തരം സ്ഥാപനങ്ങൾക്ക് ട്രാൻസ്ഫർ ചെയ്യാനാകുക. നിലവിലെ തൊഴിലുടമയുടെ അനുമതി ഇതിനായി നിർബന്ധമാണെന്നും അൽ മൗസ കൂട്ടിച്ചേർത്തു.

ഈ നടപടി നിലവിൽ തൊഴിലാളികളുടെ ലഭ്യത രൂക്ഷമായി തുടരുന്ന കുവൈറ്റിലെ സ്ഥിതിഗതികൾ മറികടക്കുന്നതിന് സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു. ഈ നടപടി സ്ഥാപങ്ങൾക്ക് തങ്ങളുടെ കീഴിലെ തൊഴിലാളികളെ മാറ്റുന്നതിനും, തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിനും ഏറെ സഹായകമാണ്.