രാജ്യത്തെ വിദ്യാലയങ്ങളുടെ പ്രവർത്തനം 2021 സെപ്റ്റംബർ മുതൽ പുനരാരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അലി അൽ മുദഫ് സ്ഥിരീകരിച്ചു. വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള നടപടികൾ, സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന 2021-2022 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ നടപ്പിലാക്കുന്ന രീതിയിലാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് കുവൈറ്റ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇപ്പോൾ ഇക്കാര്യത്തിൽ ആവർത്തിച്ച് വ്യക്തത നൽകിയത്. രാജ്യത്തെ വിദ്യാലയങ്ങൾ 2021 സെപ്റ്റംബറിൽ തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ സഹായത്തോടെ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയതായും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലെത്തുന്ന വിദ്യാർത്ഥികൾ, അധ്യാപകർ, വിദ്യാലയ ജീവനക്കാർ എന്നിവരുൾപ്പടെ മുഴുവൻ പേരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈറ്റിലെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും വിദ്യാലയങ്ങൾക്ക് ഈ നടപടിക്രമങ്ങൾ ഒരു പോലെ ബാധകമാക്കുന്നതാണ്. മുഴുവൻ വിദ്യാലയങ്ങളിലും എല്ലാ ക്ലാസ്സ്മുറികളിലും ഒരേ സമയം ആറ് വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ രണ്ട് മീറ്റർ സമൂഹ അകലം ഉറപ്പാക്കുന്നതിനായാണ് ഈ നടപടി.
COVID-19 സുരക്ഷയുടെ ഭാഗമായി വിദ്യാലയങ്ങളിലെത്തുന്ന മുഴുവൻ പേർക്കും മാസ്കുകളുടെ ഉപയോഗം, സാനിറ്റൈസറുകളുടെ ഉപയോഗം, ശരീരോഷ്മാവ് പരിശോധിക്കൽ മുതലായ നടപടികൾ നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാലയങ്ങളിൽ അടിയന്തിര മെഡിക്കൽ സംഘങ്ങളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നതാണ്.