രാജ്യത്ത് നിന്ന് ഈജിപ്തിലേക്കും, തിരികെയുമുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കുകൾ നിലനിന്നിരുന്ന ആറ് രാജ്യങ്ങളിലേക്കുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ ക്യാബിനറ്റ് അനുമതി നൽകിയ പശ്ചാത്തലത്തിലാണ് DGCA ഈജിപ്തിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
ഈ അറിയിപ്പ് പ്രകാരം, ആഴ്ച്ച തോറും ഈജിപ്തിൽ നിന്ന് കുവൈറ്റിലേക്ക് ഒമ്പത് വിമാനസർവീസുകൾക്കാണ് DGCA അനുമതി നൽകിയിരിക്കുന്നത്. കുവൈറ്റ്, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാനകമ്പനികളായിരിക്കും ഈ സർവീസുകൾ നടത്തുന്നത്. കുവൈറ്റ് ക്യാബിനറ്റ് പ്രവേശനാനുമതി നൽകിയിട്ടുള്ള ഇന്ത്യ ഉൾപ്പടെയുള്ള മറ്റു അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് DGCA വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള യാത്ര വിമാനസർവീസുകൾ അടുത്ത ആഴ്ച്ച മുതൽ ആരംഭിക്കുമെന്ന് സൂചന
അതേസമയം, ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള യാത്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള അവസാന ഘട്ട നടപടികൾ പുരോഗമിക്കുന്നതായി DGCA എയർ ട്രാൻസ്പോർട്ട് വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ രജ്ഹി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിദിനം അനുവദിക്കുന്ന സർവീസുകളുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികൃതരിൽ നിന്നുള്ള അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും, അടുത്ത ആഴ്ച്ച തന്നെ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ, ഈജിപ്ത്, നേപ്പാൾ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന് ക്യാബിനറ്റ് അനുമതി നൽകിയതായും, ഈ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായും കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് 2021 ഓഗസ്റ്റ് 18-ന് അറിയിച്ചിരുന്നു. എന്നാൽ എന്ന് മുതലാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്ന് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസിൽ നിന്നോ, കുവൈറ്റ് DGCA-യിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.