കുവൈറ്റ്: 2021 ജനുവരി 1 മുതൽ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കും; ജനുവരി 2 മുതൽ കര, കടൽ അതിർത്തികൾ തുറക്കും

Kuwait

2021 ജനുവരി 1 വരെ രാജ്യത്തിന്റെ അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം നീട്ടേണ്ടതില്ലെന്ന് കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി കുവൈറ്റ് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ വ്യക്തമാക്കി. ക്യാബിനറ്റ് മീറ്റിംഗിന് ശേഷം ഡിസംബർ 28, തിങ്കളാഴ്ച്ച രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2021 ജനുവരി 1, വെള്ളിയാഴ്ച്ച മുതൽ കുവൈറ്റിലേക്കും, തിരികെയുമുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതാണ്. രാജ്യത്തിന്റെ കര, കടൽ അതിർത്തികൾ ജനുവരി 2 മുതൽ തുറക്കാനും കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ദിനവും രാവിലെ 9 മുതൽ വൈകീട്ട് 3 വരെയാണ് കര, കടൽ അതിർത്തികളിലൂടെ പ്രവേശനം അനുവദിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ തീരുമാനങ്ങളിൽ മാറ്റങ്ങൾ വരാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യു കെയിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ഡിസംബർ 21 മുതൽ 2021 ജനുവരി 1 വരെ രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ കുവൈറ്റ് തീരുമാനിച്ചത്. എന്നാൽ നിലവിൽ കുവൈറ്റിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും, അതിനാലാണ് അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം നീട്ടാത്തതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.